ജമ്മു കശ്മീരിൽ ഭീകരവിരുദ്ധ ഓപ്പറേഷനിടെ ദാരുണാന്ത്യം; മലയിടുക്കിലേക്ക് വീണ് ലഫ്റ്റനന്റ് ബീരേശ്വർ ഗോസ്വാമി വീരമൃത്യു വരിച്ചു

രാജൗരി: ജമ്മു കശ്മീരിലെ രാജൗരി ജില്ലയിൽ ഭീകരർക്കെതിരായ തിരച്ചിലിനിടെ മലയിടുക്കിലേക്ക് വീണ് ലഫ്റ്റനന്റ് ബീരേശ്വർ ഗോസ്വാമി വീരമൃത്യു വരിച്ചു. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്.

രാജൗരിയിലെ വനമേഖലയിൽ ഒളിച്ചിരിക്കുന്ന പാകിസ്ഥാൻ ഭീകരർക്കായി സൈന്യം നടത്തിവരുന്ന ‘ഓപ്പറേഷൻ ഷേരുവാളി’യുടെ ഭാഗമായാണ് ലഫ്റ്റനന്റ് ബീരേശ്വർ ഗോസ്വാമിയും സംഘവും തിരച്ചിൽ നടത്തിയിരുന്നത്. ഈ ഓപ്പറേഷൻ പതിനഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് ദാരുണമായ സംഭവം ഉണ്ടായത്. ദോരിമാൽ മേഖലയിൽ തിരച്ചിൽ നടത്തുന്നതിനിടെ കാൽവഴുതി 30 മീറ്റർ താഴ്ചയുള്ള മലയിടുക്കിലേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഉദ്യോഗസ്ഥൻ പിന്നീട് മരണത്തിന് കീഴടങ്ങി.

അദ്ദേഹത്തിന്റെ മരണത്തിൽ വൈറ്റ് നൈറ്റ് കോർപ്സ് ജിഒസിയും (GOC) എല്ലാ റാങ്കിലുള്ള ഉദ്യോഗസ്ഥരും അഗാധമായ ദുഃഖം രേഖപ്പെടുത്തി. രാജ്യസുരക്ഷയ്ക്കായി അദ്ദേഹം നൽകിയ പരമോന്നത ബലിദാനത്തെ സൈന്യം ആദരവോടെ സ്മരിക്കുന്നു. മൃതദേഹം ഇതിനോടകം കണ്ടെടുത്തു. രാജൗരിയിലെ വനമേഖലയിൽ രണ്ട് മുതൽ മൂന്ന് വരെ പാകിസ്ഥാൻ ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെത്തുടർന്നാണ് ‘ഓപ്പറേഷൻ ഷേരുവാളി’ നടന്നുവരുന്നത്.

Leave a Reply

Scroll to Top