ചൈനയുടെ സാങ്കേതിക പിന്തുണയോടെ പാകിസ്ഥാൻ ബഹിരാകാശ നിരീക്ഷണ ശേഷി ശക്തിപ്പെടുത്തുന്നതായി റിപ്പോർട്ട്. ഭൂനിരീക്ഷണ (Earth Observation) ഉപഗ്രഹങ്ങളും റിമോട്ട് സെൻസിംഗ് സംവിധാനങ്ങളും ഉപയോഗിച്ച് ഇന്ത്യയിലെ സൈനിക നീക്കങ്ങൾ, അതിർത്തി അടിസ്ഥാനസൗകര്യ വികസനങ്ങൾ, ജമ്മു-കശ്മീർ മേഖലയിലെ പ്രവർത്തനങ്ങൾ എന്നിവ കൂടുതൽ കൃത്യമായി നിരീക്ഷിക്കാൻ പാകിസ്ഥാൻ ശ്രമിക്കുന്നുവെന്നാണ് വിലയിരുത്തൽ , ദി പ്രിൻറിൽ വന്ന വാർത്ത അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ട് ആണ് ഇത്.

സമീപകാലത്ത് ചൈനയിൽ നിന്ന് വിക്ഷേപിച്ച പാകിസ്ഥാന്റെ പുതിയ നിരീക്ഷണ ഉപഗ്രഹങ്ങൾ രാജ്യത്തിന്റെ വിവരശേഖരണ ശേഷി വർധിപ്പിച്ചിട്ടുണ്ടെന്നാണ് സുരക്ഷാ വിദഗ്ധരുടെ അഭിപ്രായം. ഈ ഉപഗ്രഹങ്ങളിൽ നിന്നുള്ള ചിത്രങ്ങളും വിവരങ്ങളും സൈനിക ആവശ്യങ്ങൾക്കൊപ്പം അതിർത്തി മേഖലകളിലെ അടിസ്ഥാനസൗകര്യ നിരീക്ഷണത്തിനും ഉപയോഗിക്കാനാകും.
ഇതിനിടെ, ചൈനയും പാകിസ്ഥാനും ഉൾപ്പെടെയുള്ള ഭീഷണികളെ നേരിടാൻ ഇന്ത്യയും സ്വന്തം ബഹിരാകാശ നിരീക്ഷണ ശൃംഖല വിപുലീകരിക്കുന്ന നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്. അടുത്ത വർഷങ്ങളിൽ 52 നിരീക്ഷണ ഉപഗ്രഹങ്ങൾ ഉൾപ്പെടുന്ന വലിയ സ്പേസ്-ബേസ്ഡ് സർവൈലൻസ് പദ്ധതിയാണ് ഇന്ത്യ നടപ്പാക്കുന്നത്. ഇത് അതിർത്തി മേഖലകളിലെ പ്രവർത്തനങ്ങൾ തത്സമയം നിരീക്ഷിക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷ.
സുരക്ഷാ സാഹചര്യങ്ങൾ മാറിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ, ഭാവിയിലെ പ്രതിരോധ മത്സരത്തിൽ ബഹിരാകാശ സാങ്കേതികവിദ്യ നിർണായക ഘടകമാകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യ, ചൈന, പാകിസ്ഥാൻ എന്നീ രാജ്യങ്ങൾ തമ്മിലുള്ള തന്ത്രപ്രധാന മത്സരത്തിന്റെ പുതിയ വേദിയായി ബഹിരാകാശ മേഖല മാറുകയാണെന്നും അവർ വിലയിരുത്തുന്നു.
